Friday, February 22, 2013

എന്റെ പൊന്നു..

2002 ഫെബ്രുവരിയിലാണ് എനിക്കെന്റെ പൊന്നുവിനെ കിട്ടുന്നത്.  എന്റടുത്തു എത്തുമ്പോള്‍ കുഞ്ഞായിരുന്നു അവന്‍ .. തീരെ കുഞ്ഞ്. ഒരു കുസൃതി കുടുക്ക.  വ്യക്തമായൊന്നും പറയാന്‍ കഴിയാതിരുന്ന, എന്നാല്‍ പാട്ടുകള്‍ വെച്ചാല്‍ നൃത്തം വെച്ചിരുന്ന ഒരു കുഞ്ഞ് കുടുക്ക. അല്ലാ.. എന്റെ പൊന്നു ആരാണ് എന്ന് പറഞ്ഞില്ലല്ലോ അല്ലേ? എന്റെ പൊന്നു ഒരു തത്തയാണ്. പായസവും ഐസ് ക്രീമും ഒക്കെ ഇഷ്ട്ടമുള്ള ഒരു പഞ്ചാര തത്ത. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ എല്ലാവരുടെയും മനം കവര്‍ന്നു പൊന്നു. ഇടയ്ക്കിടെ എല്ലാരെയും കാണാന്‍ വേണ്ടി ഒരു ചൂളം വിളിയുണ്ട്.. ഒന്ന് കേള്‍ക്കേണ്ടത് തന്നെ. വാശിയുടെ കാര്യത്തില്‍ മുന്പനാണ്.. അവനറിയാം എന്റടുക്കല്‍  അവന്റെ എല്ലാ വിളവും വാശിയും ചിലവാകുമെന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഞാന്‍ കൂടെ വേണം, ഉറങ്ങുന്നതിനു മുന്പെന്റെ നെഞ്ചില്‍ തല ചായ്ച്ചൊരു കിടപ്പുണ്ട്, എന്നിട്ടേ കൂട്ടിലേക്ക് പോകൂ.. ഷാമ്പൂ ഒക്കെ തേച്ചായിരുന്നു അവനെ കുളിപ്പിച്ചിരുന്നത് കുളിപ്പിക്കുമ്പോള്‍ ഉള്ള ങീ ങീ എന്ന കരച്ചില്‍ എല്ലാരും ഒന്ന് കേള്‍ക്കേണ്ടത് തന്നെ.. അടുക്കളയില്‍ നിന്ന് ഭക്ഷണത്തിന്റെ മണം കേട്ടാല്‍ അവനു വേണംന്നു പറയുന്നത് മം മം ന്നു പറഞ്ഞു കൊണ്ടാ ..വീട്ടിലെ ഒരംഗം ആയല്ലാതെ അവനെ ഞങ്ങള്‍ കണ്ടിരുന്നില്ല.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊന്നുവിന്റെ കഴുത്തില്‍ മഴവില്‍ നിറങ്ങളില്‍ ഒരു മാലയും പിന്നൊരു ബുള്‍ഗാനും പ്രത്യക്ഷപ്പെട്ടു. ഒന്ന് ചുള്ളനായി എന്ന് വേണമെങ്കില്‍ പറയാം.  പൊന്നു വളരെ റൊമാന്റിക് ആണ് എന്ന് വീട്ടിലെല്ലാവരും പറയാന്‍ തുടങ്ങി. എന്താ കാര്യം ? ഇടയ്ക്കിടെ കണ്ണാടിയില്‍ അവന്റെ മുഖവും നോക്കി അങ്ങനെ ആസ്വദിച്ചു നില്‍ക്കും. അങ്ങനെയിരിക്കെ അവനൊരു ഇണയെ നല്‍കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഇക്കാക്ക ടൌണിലെ പെറ്റ് ഹൌസില്‍ നിന്നും ഒരിണക്കിളിയെ വാങ്ങി അവനു സമ്മാനിച്ചു. അവള്‍ക്കു ഞങ്ങള്‍ കുട്ടി എന്ന് പേരിട്ടു..

അവനും അവളെ കുട്ടീ എന്ന് നീട്ടി വിളിക്കാന്‍ തുടങ്ങി.. തുടക്കത്തിലെ കുറച്ചു കുണുങ്ങലും കഥ പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ കുട്ടി പൊന്നുവിനെ ഭരിക്കാന്‍ തുടങ്ങി. അവനു കൊടുക്കുന്ന ഭക്ഷണം പിടിച്ചു പറിക്കല്‍ തുടങ്ങി. എന്തിനധികം എന്നോടൊന്നു സല്ലപിക്കാന്‍ പോലും അവള്‍ സമ്മതിക്കാതായി. പെണ്ണല്ലേ വര്‍ഗം !!! നാളുകള്‍ കഴിയും തോറും അവളുടെ ഭരണവും കൂടി കൂടി വന്നു.

പൊന്നുവിന്റെ സ്വഭാവം പറഞ്ഞാല്‍ ശരിക്കും Rio എന്ന Animation സിനിമയിലെ Blue എന്ന തത്തയെ പോലെയാണ്  തനി പാവം പിടിച്ച മണ്ടന്‍ .. കുട്ടി അതിലെ Jewel  എന്ന പെണ്‍ തത്തയെ പോലെ സാമര്‍ത്ഥ്യക്കാരിയും.

ഒരിക്കലൊരു വെളുപ്പാങ്കാലത്ത് എന്തോ ഒരു പ്രത്യേക ശബ്ദം കേട്ടാണ് എല്ലാരും ഉണര്‍ന്നത്, ഞാനപ്പോള്‍ ഹോസ്റ്റലില്‍ ആയിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത് എന്നറിയില്ല.. കൂട് തുറന്നു പൊന്നുവും കുട്ടിയും പാറി പോയി എന്നാണെന്റെ വീട്ടുകാരെന്നോട് പറഞ്ഞത്. അവര്‍ പോയിട്ടും എത്രയോ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ ലീവിന് വീട്ടിലെത്തുന്നത്. ഞാന്‍ വീട്ടില്‍ എത്തിയിട്ടാണ് എന്നോട് ഈ കാര്യം പറയുന്നത് തന്നെ.. എങ്കിലും എനിക്കൊരതിശയം തോന്നിയില്ല.. ഒരു നിമിത്തം എന്നോണം ഒരിക്കല്‍ അവരുടെ ആ യാത്ര ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നു.

എന്റെ പൊന്നു ഇതിനു മുന്‍പേ ഇങ്ങനെ പാറി പോയിട്ട് തിരിച്ചു വന്നതാണ്‌.. പക്ഷേ ഇത്തവണ കുട്ടിയും കൂടെയുള്ളത് കൊണ്ടായിരിക്കണം അവന്‍ തിരിച്ചു വന്നില്ല. അവളുടെ മധുര തേന്‍മൊഴികളില്‍ മയങ്ങിക്കാണും. എന്തായാലും വേണ്ടില്ല എന്റെ പൊന്നുംകുടത്തിനെ അവള്‍ നല്ലത് പോലെ നോക്കിയാല്‍ മാത്രം മതിയായിരുന്നു എന്ന് മനസ്സില്‍ കരുതി. എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നില്‍ നിന്നും അകന്നകന്നു പോകുന്ന പോലെ തോന്നിപ്പോയ ദിവസങ്ങള്‍ .. ഒരു അമ്മ ജീവനോടെയിരിക്കെ  തന്നെ മകന്‍ നഷ്ട്ടമായ പോലൊരു വിങ്ങലായിരുന്നു എനിക്ക്. അതുകൊണ്ടായിരിക്കാം ഇന്നും എന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ പൊന്നുവിനെയും കുട്ടിയേയും മാവോ ഗ്രൂപ്പിനെയുമൊക്കെ ഓര്‍ക്കുന്നതും.

വിലമതിക്കാനാവാത്ത ആ മനോഹര നാളുകളെ ഒരിക്കല്‍ കൂടെ സ്മരിച്ചു കൊണ്ട് നിര്‍ത്തട്ടെ ...




7 comments:

  1. പാരതന്ത്രത്തില്‍ നിന്ന് പൊന്നുവും കുട്ടിയും സ്വാതന്ത്ര്യത്തിലേക്ക് ആണ് ചിറകടിച്ചു പറന്നത്

    ReplyDelete
  2. but orikkal poyittu thirichu vannatha ente ponnu ....

    ReplyDelete
  3. ഹാ
    അവര് പറക്കട്ടെ
    ഈ നീല നീലാകാശത്തിലൂടെ
    താഴെ തേൻ അരിവികളും കണ്ട്

    ReplyDelete
  4. പേരൊന്നും ഇട്ടില്ലെങ്കിലും ഒരു തത്തയെ ഞാനും വളര്‍ത്തിയിരുന്നു. ബന്ധുവീട്ടിലെ കല്യാണത്തിനു എല്ലാവരും പോയി വന്നപ്പോള്‍ കണ്ടതു ചോരയില്‍ കുളിച്ചു കിടക്കുന്ന ആ പാവത്തിന്റെ മുഖമാ . കയ്യിലെടുത്തു തടവി കൊടുക്കുംബോയും ഞാന്‍ പഠിപ്പിച്ച ഒരു പാട്ടിന്റെ ചൂളം വിളിയും പിന്നെ വിശക്കുമ്പോള്‍ വിളിക്കുന്ന ഉമ്മാ എന്നാ വിളിയും വീണ്ടും ഓര്‍മിക്കാനും ഈ വരികള്‍ കാരണമായി .

    ReplyDelete
    Replies
    1. hmmmm priyapettava ellam ennum oru neerunna ormakal aayi nilkunnu ... :(

      Delete
  5. ജീവിതത്തില്‍ ആരും ആര്‍ക്കും സ്വന്തമല്ല ഷംനാ, എനിക്കും ഉണ്ടായിരുന്നു ഇതുപോലെ അനേകം കുഞ്ഞു കിളികളും,കുഞ്ഞു ജീവികളും,പലരേയും പല അപകടങ്ങളില്‍ നിന്നും രക്ഷിച്ചു കൊണ്ട് വന്നതാണ് . എന്‍റെ കുടുംബത്തിനും ഇതൊക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു. മുറിവുകള്‍ ഉനങ്ങുന്നത് വരെ മാത്രമേ ഞാന്‍ അവരെ കൂട്ടിലിടാരുള്ളൂ . മുറിവുകള്‍ ഉണങ്ങി കഴിഞ്ഞാല്‍ പിന്നെ അവര്‍ കൂട്ടിനു വെളിയില്‍ സ്വതന്ത്രരാണ് . എങ്കിലും അവര്‍ ഒരിക്കലും എന്നെ വിട്ട് ഉടനെ പൊയിരുന്നില്ല. തന്നെ ഇത്രയും നാള്‍ നോക്കിയവരുടെ കൂടെ കുറച്ചു ദിവസങ്ങള്‍ കൂടി ചിലവഴിച്ചിട്ട് ഒരുദിവസം അവര്‍ പാറിപ്പറന്നു പൊകും. പക്ഷെ ഇന്നും അവരില്‍ ചിലര്‍ വരാറുണ്ട് ഉച്ചക്ക് അല്‍പ്പം ചോറുണ്ണാന്‍ .

    ആരും ആര്‍ക്കും സ്വന്തമല്ല ഷംനാ ....

    ReplyDelete