അന്ന് രാത്രി സിനു നേരത്തെ ഉറങ്ങാന്‍ പോയി. നല്ല മഴയും ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈകുന്നേരം തന്നെ കറന്റ് പോയിരുന്നു. നേരം പുലര്‍ന്നു മണി പത്തായിട്ടും സിനു ഉണര്‍ന്നു വരുന്നത് കാണാതെയായപ്പോള്‍ ഉമ്മ അവളുടെ മുറിയുടെ കതകു തുറന്നു അകത്തു ചെന്നു.
അവിടെ കണ്ട കാഴ്ച ഉമ്മയുടെ സപ്തനാഡികളെയും തളര്‍ത്തിക്കളഞ്ഞു! ബോധമില്ലാതെ വായില്‍ നിന്ന് നുരയും പതയും ഒലിപ്പിച്ചു കിടക്കയില്‍ മലര്‍ന്നുകിടക്കുന്ന സിനു! അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഇടതു കാലിലെ ഞെരിയാണിയുടെ ഭാഗത്തായി രണ്ടു കുത്തുകളും കാണാനുണ്ട്...! നിമിഷ നേരത്തേക്ക് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ആ ഉമ്മ , തന്റെ പൊന്നോമന മകളെ വിളിച്ചുണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.! പക്ഷേ, അവള്‍ക്ക് അനക്കമില്ല. ആ ശ്രമം പിന്നെയൊരു നിലവിളിയായി മാറി. ശബ്ദം കേട്ട് സിനുവിന്റെ ഉപ്പയും ഏട്ടനും അനിയത്തിയുമെല്ലാം ഓടി വന്നു. എല്ലാവരും കൂടി അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ....
****************
സിനു : എനിക്ക് അനങ്ങാന്‍ പോലും കഴിയാതെ ഞാന്‍ കരയുകയായിരുന്നു. എല്ലാം എനിക്ക് ഒരു സ്വപ്നം പോലെ ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഹോസ്പിറ്റല്‍, നഴ്‌സുമാര്‍, കോട്ടിട്ട് അങ്ങോട്ടുമിങ്ങോട്ടും ശരവേഗത്തില്‍ പായുന്ന ഡോക്ടര്‍മാര്‍. രോഗികള്‍ ....
ആരൊക്കെയോ എന്റെ കൈയിലും കാലിലുമൊക്കെ പിടിക്കുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു...
ചുരിദാര്‍ അഴിക്കാന്‍ കിട്ടാതെ ആയപ്പോള്‍ ഉമ്മ, നഴ്‌സിനോട് ചുരിദാര്‍ മുറിക്കാന്‍ അനുവാദം കൊടുക്കുന്നു. വേണ്ട ഉമ്മാ... മൂത്താപ്പ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ചുരിദാര്‍ ഇട്ടു കൊതി തീര്ന്നിട്ടില്ലെനിക്കെന്ന് പറയാനും കത്രിക കൊണ്ട് മുറികുമ്പോള്‍ അവരെയൊക്കെ തട്ടിമാറ്റി ഓടാനും ഞാന്‍ എത്രയോ ശ്രമിച്ചു... പക്ഷെ എന്റെ ഒരു വിരല്‍ പോലും അനക്കാന്‍ എനിക്ക് പറ്റിയില്ല....!
ആഴ്ചകളോളം സിനു ആശുപത്രിയിലെ ഐ.സി.യുവില്‍ കിടന്നു.
വീട്ടുജനാലയിലൂടെ കയറിക്കൂടിയ സര്‍പ്പത്തിന്റെ വിഷപ്പല്ലുകള്‍ ആ കുഞ്ഞുകാലുകളില്‍ ആഴ്ന്നിറങ്ങിയതാണെന്ന് അവളറിഞ്ഞില്ല.
ഉമ്മയും ഉപ്പയും മറ്റു ബന്ധുക്കളും അവളുടെ ആയുസ്സിനു വേണ്ടി അല്ലാഹുവിനോട് സദാ സമയവും പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു.
സിനുവിന്റെ ഉമ്മയും ഇക്കാരണത്താല്‍ വല്ലാതെ ക്ഷീണിതയായി. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതും ആലോചനയുമൊക്കെ ആ ഉമ്മയെയും തളര്‍ത്തി. ദിനങ്ങള്‍ കടന്നു പോയി.
ഇരുപതാമത്തെ ദിവസം...
പുലര്‍ച്ചെ 6.00 മണി.
ഉപ്പയുടെ അരികില്‍വന്നു ഡോക്ടര്‍ പറഞ്ഞു:
'സിനു കാലുകള്‍ ഇളക്കി'
അത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി. വൈകുന്നേരമായപ്പോള്‍ വീണ്ടും ഡോക്ടര്‍ വന്നു. സിനു മോള് കണ്ണ് തുറന്നൂട്ടോ....! ഉമ്മയ്ക്കും ഉപ്പയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സന്തോഷിക്കാനിനി വേറെന്തുവേണം...!
കൈവിട്ടുപോയെന്നു കരുതിയ നിധി തിരികെക്കിട്ടിയപ്പോള്‍ ആനന്ദക്കണ്ണീര്‍. അവര്‍ സര്‍വ്വശക്തനെ സ്തുതിച്ചു, പലതവണ.
അല്‍ഹംദുലില്ലാഹ്...! ശുക്‌റന്‍ ലകല്ലാഹ്...!!
*ശുക്‌റ് = താങ്ക്‌സ് (നന്ദി)
Malayalam bloggers group
https://www.facebook.com/
Thank You film
https://www.facebook.com/